പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

LDCL പരാജയം - എ. മിസ്ബാഹ് ലക്ഷദ്വീപ് പട്ടികവര്‍ഗ വെല്‍ഫെയര്‍ അസോസിയേഷന്‍

കൊച്ചി: ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യവും വ്യവസായവും മെച്ചപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്റെ (എല്‍.ഡി.സി.എല്‍.) പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമാണെന്ന് ലക്ഷദ്വീപ് പട്ടികവര്‍ഗ ക്ഷേമ അസോസിയേഷന്‍ പ്രസിഡന്റ് എ.മിസ്ബാഹ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രാഥമിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോലും 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എല്‍.ഡി.സി.എല്ലിനു കഴിഞ്ഞിട്ടില്ല. ലക്ഷദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് യാതൊരു താത്പര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ ഏറെ നാളായി ഉന്നയിക്കുന്ന വനിതാ വികസന കോര്‍പ്പറേഷന്‍ രൂപീകരണംഡിസംബര്‍ 31 നകം നടപ്പാക്കിയില്ലെങ്കില്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കും.
വെല്ലിംഗ്ടണ്‍ ഐലന്റിലെ കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ലക്ഷദ്വീപ് കപ്പലുകള്‍ക്കായി പ്രത്യേക വാര്‍ഫ് പണികഴിപ്പിച്ചിരുന്നു. എന്നാല്‍ ദ്വീപു ഭരണകേന്ദ്രം വാര്‍ഫ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ജീവനക്കാരെ നിയമിച്ചിട്ടില്ല. ആവശ്യമായ ജോലിക്കാരെ കരാര്‍ അടിസ്ഥാനത്തിലെങ്കിലും നിയമിക്കണം. ലക്ഷദ്വീപില്‍ തികച്ചും അനാവശ്യമായി വന്‍കിട വിമാനത്താവളങ്ങളുണ്ടാക്കി ജനജീവിതം തകിടം മറിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അന്ത്രോത്ത് ദ്വീപില്‍ വിമാനത്താവളം പണിയാനുളള പദ്ധതിഉപേക്ഷിക്കണം. നിലവിലുള്ള അഗത്തി വിമാനത്താവളം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ എ.ടി.ആര്‍ 42 വിമാനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, കളക്ടര്‍, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ പദവികള്‍ ഒഴിയണം. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് യോഗ്യരായ ദ്വീപുനിവാസികളെ ഈ സ്ഥാനങ്ങളില്‍ നിയമിക്കണം. ദ്വീപ് ഭരണകൂടത്തിന്റെ കപ്പലുകളുടെ നടത്തിപ്പ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത ശേഷം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. യാത്രാസൗകര്യമില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ദ്വീപുകളിലേക്ക് സര്‍വ്വീസ് നടത്തേണ്ട പത്തോളം ഫെറി ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ കൊച്ചിയില്‍ കെട്ടിയിട്ടിരിക്കുന്നു. ലക്ഷദ്വീപില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ നടത്താന്‍ വിദേശത്തു നിന്നുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ദ്വീപുകാരുടെ താത്പര്യത്തിന് എതിരായ ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കും.

ദ്വീപ് ഭരണകൂടത്തിന്റെ 13 വകുപ്പുകളുടെ മേധാവികളായി നിയമിച്ചു വരുന്നത് ഡല്‍ഹിയില്‍ നിന്നുള്ള ഓഫീസര്‍മാരെയാണ്. എന്നാല്‍ ഇപ്പോള്‍ 25 വകുപ്പുകളുടെ ചാര്‍ജുകളാണ് ഇവര്‍ വഹിക്കുന്നത്. പ്രാദേശിക ഭാഷ പോലും അറിയില്ലാത്ത ഇവര്‍ ഗുണകരമായ പ്രവര്‍ത്തനങ്ങളൊന്നും കാഴ്ചവെച്ചിട്ടില്ല. ഈ നടപടി കേന്ദ്ര സര്‍ക്കാര്‍ ഉടനടി പിന്‍വലിക്കണം. പകരം ലക്ഷദ്വീപ് സിവില്‍ സര്‍വ്വീസ് രൂപീകരിച്ച് പ്രാദേശിക ഭാഷ അറിയാവുന്നവരെ തത്സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ഗ്രാമപഞ്ചായത്തിലേയോ, ജില്ലാ പഞ്ചായത്തിലേയോ അംഗങ്ങള്‍ക്കാര്‍ക്കും ശമ്പളമോ അലവന്‍സോ അനുവദിച്ചിട്ടില്ല. ഇത് ചട്ടലംഘനമാണ്. ലക്ഷദ്വീപില്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷനരിയുടെ വില 10.50 രൂപയില്‍ നിന്നും 12.50 ആയി ഉയര്‍ത്തിയിരിക്കുകയാണ്. ദ്വീപു നിവാസികളില്‍ 95 ശതമാനത്തോളം പട്ടിക വര്‍ഗക്കാരാണ്. ഇവരെ എ.പി.എല്‍., ബി.പി.എല്‍. എന്നിങ്ങനെ വകതിരിച്ച് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ദുഃഖകരമാണ്. കോഴിക്കോട്ടും കൊച്ചിയിലും പഠിക്കാനും ജോലി നോക്കാനും എത്തുന്ന, ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.