പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപിനടിയില്‍ പ്രാചീന ഭൂഖണ്ഡ ഭാഗമുണ്ടെന്ന് റിപ്പോര്‍ട്ട്

ലക്ഷദ്വീപും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഒട്ടേറെ ദ്വീപസമൂഹങ്ങളും സ്ഥിതിചെയ്യുന്നത്, കോടിക്കണക്കിന് വര്‍ഷം മുമ്പത്തെ ഒരു പ്രാചീനഭൂഖണ്ഡത്തിന്റെ അവശിഷ്ടത്തിന് മുകളിലെന്ന് കണ്ടെത്തല്‍. വ്യത്യസ്ത പഠനസങ്കേതങ്ങളുടെ സഹായത്തോടെ ഒരു രാജ്യാന്തര ഭൗമശാസ്ത്രസംഘം നടത്തിയ ശ്രമകരമായ ഗവേഷണമാണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്.

ലക്ഷദ്വീപുകള്‍ മാത്രമല്ലല്ല, മാലെദ്വീപുകള്‍, സീഷെല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍ എന്നീ ദ്വീപുകള്‍ക്കും, ഇന്ത്യന്‍മഹാസമുദ്രത്തിന്റെ ചില പ്രദേശങ്ങള്‍ക്കും അടിയിലാണ് പ്രാചീന ഭൂഖണ്ഡത്തിന്റെ അവശിഷ്ടഭാഗങ്ങള്‍ സ്ഥിതിചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. 6.1 - 8.3 കോടി വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ആ പ്രാചീന ഭൂഖണ്ഡത്തിന് 'മൗറീഷ്യ' (Mauritia) എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

ഗ്രാവിറ്റി മാപ്പിങ്, ശിലാവിശകലനം, ഫലകചലന മാതൃകാപഠനം - എന്നിങ്ങനെ വ്യത്യസ്ത പഠനസങ്കേതങ്ങളുടെ സഹായത്തോടെ നോര്‍വെ, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 'നേച്ചര്‍ ജിയോസയന്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഏതാണ്ട് 75 കോടി വര്‍ഷം മുമ്പ് ഭൂമുഖത്തെ കരഭാഗം മുഴുവന്‍ 'റോഡിനിയ' (Rodinia) എന്ന സൂപ്പര്‍ഭൂഖണ്ഡമായാണ് നിലനിന്നത്. 30 കോടി വര്‍ഷംമുമ്പ് ആ ഭൂഖണ്ഡത്തില്‍ നിന്ന് പാന്‍ജിയ (Pangaea) എന്ന ഭീമന്‍ ഭൂഖണ്ഡം വേര്‍പെട്ടു. 20 കോടി വര്‍ഷം മുമ്പ് പാന്‍ജിയ പൊട്ടിയടര്‍ന്നാണ് നിലവിലുള്ള രീതിയില്‍ ഭൂഖണ്ഡങ്ങള്‍ രൂപപ്പെടാന്‍ ആരംഭിച്ചത്.


റോഡിനിയ



ദക്ഷിണാര്‍ധ ഗോളത്തില്‍ ഇപ്പോഴുള്ള ഭൂവിഭാഗങ്ങളൊക്കെ രൂപപ്പെട്ടത് പാന്‍ജിയയിയില്‍ നിന്നുണ്ടായ ഗോണ്ട്വാന ഭാഗം പൊട്ടിയടര്‍ന്നാണ്. മഡഗാസ്‌കറും ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. പാന്‍ജിയ പൊട്ടിയടര്‍ന്ന് പുതിയ ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ട വെളിയില്‍, ഇടയ്ക്കുണ്ടായ 'മൈക്രോഭൂഖണ്ഡ'മാണ് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ കരുതുന്നു.

സമുദ്രത്തിനടിയിലുള്ള ഭൂഖണ്ഡഭാഗത്തെ കുറിച്ച് ആദ്യസൂചന ഗവേഷകര്‍ക്ക് ലഭിച്ചത് ഗുരുത്വാകര്‍ഷണം വഴിയാണ്. മഡഗാസ്‌കര്‍, മൗറീഷ്യസ്, ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍, പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതല്‍ ഭൂഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്നതായി ഗവേഷകര്‍ കണ്ടു. ഭൂവല്‍ക്കത്തിന്റെ കനം അല്‍പ്പം കൂടുതലാണെങ്കില്‍ ഇക്കാര്യം വിശദീകരിക്കാന്‍ സാധിക്കുമെന്ന് അവര്‍ മനസിലാക്കി.

ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ സമുദ്രത്തിനടിയിലെ ഭൗമമേല്‍പ്പാളിക്ക് അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ വരെയാണ് കനം. ആ നിലയ്ക്ക് 25 കിലോമീറ്റര്‍ കനമുള്ള മറ്റൊരു പാളി കൂടിയുണ്ടെങ്കിലേ ഗുരുത്വാകര്‍ഷണ ബലത്തിലെ ക്രമക്കേട് വിശദീകരിക്കാന്‍ സാധിക്കൂ എന്ന് ഗവേഷകര്‍ കണക്കുകൂട്ടി.

എന്നാല്‍, സമുദ്രത്തിനടിയിലെ ഭൗമമേല്‍പ്പാളിക്ക് കട്ടി കൂടുതലാണെന്നതു കൊണ്ടുമാത്രം, അത് പ്രാചീനഭൂഖണ്ഡഭാഗമാണെന്ന് കരുതാന്‍ കഴിയില്ല. കാരണം, അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ ഭാഗമായി ലാവയൊഴുകി ഉറഞ്ഞുകൂടിയും ഭൗമമേല്‍പ്പാളിക്ക് കട്ടികൂടാം.

അതിനാല്‍, എന്താണ് കട്ടികൂടിയ ഭൗമപാളിക്ക് കാരണമെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ ഫലകചലന മാതൃകാപഠനം നടത്തിനോക്കി. ഭൂവല്‍ക്കഭാഗങ്ങളുടെ ചലനം വഴി, സമുദ്രാന്തര്‍ഭാഗത്തെ പാളി രൂപപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകാനായിരുന്നു പഠനം. അതില്‍ ഗവേഷര്‍ക്ക് മനസിലായാത് പ്രാചീനഭൂഖണ്ഡത്തിന്റെ ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍പെട്ടിട്ടുണ്ട് എന്നാണ്.

അക്കാര്യം സ്ഥിരീകരിക്കാന്‍ മൗറീഷ്യസ് ഉള്‍പ്പടെ ഒട്ടേറെ ആഫ്രിക്കന്‍ ദ്വീപുകളിലെയും, 1700 കിലോമീറ്റര്‍ അകലെയുള്ള സീഷെല്‍സിലെയും മണലും പാറയും ഗവേഷകര്‍ പഠനവിധേയമാക്കി. മൗറീഷ്യസിലെ ഉപരിതല ശിലകള്‍ ബസാള്‍ട്ട് (basalt) എന്ന അഗ്നിപര്‍വത ശിലകളാണെങ്കിലും, കടലോരത്ത് സിര്‍കോണ്‍സ് (Zircons) എന്നറിയപ്പെടുന്ന ലവണം ഉള്ളതായി കണ്ടു. അവയെ കാലഗണനാ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ്, സമുദ്രാന്തര്‍ഭാഗത്തെ ഭൗമമേല്‍പ്പാളി പത്തുകോടിയില്‍ താഴെ പ്രായമുള്ളതാണെന്ന് കണ്ടത്.

ഈ തെളിവുകളുടെ വെളിച്ചത്തിലാണ്, ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ ചില ഭാഗത്ത് പ്രാചീന ഭൂഖണ്ഡത്തിന്റെ അവശിഷ്ടം സ്ഥിതിചെയ്യുന്നു എന്ന നിഗമനത്തില്‍ എത്തിയതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ഓസ്‌ലോ സര്‍വകലാശാലയിലെ ട്രോന്‍ഡ് എച്ച്.ടോര്‍സ്‌വിക് പറഞ്ഞു.

1 comment:

  1. A REALLY BREATHTAKING FINDINGS BY THE SCIENTISTS. THIS CAN HELP US ANSWER A FEW UNANSWERED QUESTIONS ON THE EARLY LIFE OF THE ISLANDS. THIS COULD ALSO PROVE A POINTER TOWARDS THE SIMILARITIES IN CUSTOMS AND SUCH OTHER RELATED ASPECTS WE COMES ACROSS OFEN WHEN WE ATEMPTS TO FIND THE ORIGIN OF LIFE IN ISLANDS.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.