പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

റാബിയയുടെ ജീവിത കഥ ബാക്കി ഭാഗം

കൊറോണയുടെ സമയം രാജ്യം മൊത്തം ലോക്ഡൗൺ ആയപ്പോൾ ഞാൻ പണികൊടുത്തത്  അപകടത്തെ തുടർന്ന് തളർന്ന് റെസ്റ്റ് എടുത്ത് എടുത്ത് മടി പിടിച്ച എന്റെ വലതു കൈക്ക്. അങ്ങിനെ ബ്ലോഗെഴുത്തിൽ  സജീവമാവാൻ തീരുമാനിച്ചു.

സപ്തംബർ 5ന് പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് എഴുതിയ ബ്ലോഗിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ  എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട
ജയേഷ് സാറിനുള്ള ഒരു ഗുരുദക്ഷിണ കൂടിയായിരുന്നു അത്.സ്ത്രീ ഒരു പോരാളി എന്ന വിഷയത്തിൽ മത്സരം നടന്നപ്പോൾ അനുഭവകഥ തന്നെ എഴുതി അതിനും തേടിവന്നു ഒന്നാം സ്ഥാനം.  പിന്നെയും പല ബ്ലോഗുകൾക്കും സമ്മാനങ്ങൾ തേടി വന്നപ്പോൾ എന്നെക്കാളും സന്തോഷം എന്റെ പ്രിയപ്പെട്ടവർക്കായിരുന്നു. 

2020 തുടക്കത്തിൽ തന്നെ നാട്ടിലുള്ള സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 400ൽ പരം പേർക്ക് ഫ്രീ കോച്ചിങ് കൊടുത്തപ്പോൾ അവിടെയും ഫാക്കൽറ്റിയായി. എന്റെ കഥ ചിരിച്ചു കൊണ്ട് പറഞ്ഞു. അന്ന് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ കുറച്ചു പേർ വന്ന് എന്റെ ഉള്ളം കൈ മുറുകെ പിടിച്ചു കൊണ്ട് വിതുമ്പലോടെ പറഞ്ഞു, നന്ദിയുണ്ട് ഒരുപാട്, ജീവിതത്തെ ഇങ്ങിനെ ചിരിച്ച് സ്വീകരിക്കാൻ ധൈര്യപ്പെട്ടല്ലോ, പടച്ചോൻ ആയിരിക്കും നിങ്ങളെ ഞങ്ങളുടെ മുൻപിൽ എത്തിച്ചത്, പലരുടെയും പരിഹാസങ്ങൾ കേട്ട് നിറകണ്ണുകളോടെ ക്ലാസിനു വന്നവർ തിരിച്ചു പോവുമ്പോൾ അവരുടെ മനസ്സ് ഒരു മഴ പെയ്ത് തോർന്ന പോലെയായിരുന്നു. പ്രതീക്ഷയുടെ പൂത്തിരി ആ മുഖങ്ങളിൽ കാണാമായിരുന്നു. ആനന്ദത്തിന്റെ അശ്രു പൊഴിയുന്ന മുഖങ്ങളുമായി അവർ നടന്നു നീങ്ങി. 

സ്വപ്നത്തെ കൈയെത്തി പിടിക്കുന്നതിലേക്കുള്ള യാത്രയിൽ തന്നെയാണ്.എന്തെങ്കിലും വ്യത്യസ്തമായ തരത്തില്‍ ചെയ്യണെമന്ന് ചിന്തിച്ച് തുടങ്ങി.യാത്രകളും കണ്ടുമുട്ടുന്ന ആളുകളുമെല്ലാം ഓരോ അനുഭവമായി.  

മുന്നിൽ മരണത്തിന്റെ കാലൊച്ചകൾ പലപ്പോഴായി കേട്ടത് കൊണ്ടാവാം ജീവിതത്തിന് ഇത്രയും മധുരം.നമ്മുടെ ജീവിതത്തിൽ നീറുന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം  അതിനു ഞാൻ കണ്ട  പരിഹാരമാണ്  ഓരോ പ്രശ്നങ്ങൾ വന്നപ്പോഴും സാധ്യതകൾ കണ്ടെത്തി അവയെ അവസരങ്ങളാക്കി മാറ്റുക എന്നത്.  നമ്മുടെ ജീവിതത്തിൽ സ്വയം അതിരുകള്‍ നിശ്ചയിക്കരുത്. 

നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. അതിന് കഠിന പ്രയത്‌നം ചെയ്യണമെന്നു മാത്രം . സമൂഹത്തിന് മുന്‍നിരയിലേക്കെത്താന്‍ മടിച്ചു നില്‍ക്കരുത് .എല്ലാർക്കും കുടുംബത്തിന്റെ പിന്തുണ എളുപ്പത്തില്‍ ലഭിച്ചെന്നിരിക്കില്ല, എന്നാല്‍ നേടിയെടുക്കാന്‍ കഴിയും നമ്മുടെ ചുറ്റും അവസരങ്ങളുണ്ട്. അത് നമ്മൾ തന്നെ കണ്ടെത്തണമെന്നു മാത്രം..



തുടക്കത്തില്‍ എന്നല്ല നമ്മൾ തകരുന്നില്ല എന്ന് കണ്ടാൽ പിന്നീടും തകർക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ഒരുങ്ങി നിൽക്കും, രോഗത്തിന്റെ പേരിലോ, കുടുംബ ജീവിതം തകർന്നതിന്റെ പേരിലോ ഒന്നും തകരാത്തത് കൊണ്ട് ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമം. പെൺകുട്ടിയാണ് കേസ് കൊടുക്കണ്ടാ എന്ന് ചിലർ. കേസുമായി മുന്നോട്ടു നീങ്ങി.പ്രതിസന്ധികളുടെ പെരുമഴക്കാലത്തിൽ കുളിച്ചു കയറിയത് കൊണ്ടാവാം ഇപ്പൊ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല..


ജീവിതത്തിൽ വിജയിക്കുമോ അതോ തകരുമോ എന്നുള്ള പേടിയൊന്നും ഇല്ലാതെയായി. ആ പേടിയില്ലായ്മ തന്നെയാണ് ഇപ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നത്.

കൊറോണയുടെ സമയം രാജ്യം മൊത്തം ലോക്ഡൗൺ ആയപ്പോൾ ഞാൻ പണികൊടുത്തത്  അപകടത്തെ തുടർന്ന് തളർന്ന് റെസ്റ്റ് എടുത്ത് എടുത്ത് മടി പിടിച്ച എന്റെ വലതു കൈക്ക്. അങ്ങിനെ ബ്ലോഗെഴുത്തിൽ  സജീവമാവാൻ തീരുമാനിച്ചു.

സപ്തംബർ 5ന് പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് എഴുതിയ ബ്ലോഗിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ  എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട
ജയേഷ് സാറിനുള്ള ഒരു ഗുരുദക്ഷിണ കൂടിയായിരുന്നു അത്.സ്ത്രീ ഒരു പോരാളി എന്ന വിഷയത്തിൽ മത്സരം നടന്നപ്പോൾ അനുഭവകഥ തന്നെ എഴുതി അതിനും തേടിവന്നു ഒന്നാം സ്ഥാനം.  പിന്നെയും പല ബ്ലോഗുകൾക്കും സമ്മാനങ്ങൾ തേടി വന്നപ്പോൾ എന്നെക്കാളും സന്തോഷം എന്റെ പ്രിയപ്പെട്ടവർക്കായിരുന്നു...

2020 നവംബർ മാസം ജീവിതാനുഭവങ്ങൾ പുഞ്ചിരിയോടെ സ്വീകരിച്ച അനുഭവങ്ങൾ പങ്ക് വയ്ക്കാൻ ഒരു ക്ഷണം കവരത്തി ആകാശവാണിയിൽ നിന്നും, അഭിമുഖം നടത്തുന്ന വ്യക്തിയെ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി എന്നെ
പ്ലസ് ടുവിൽ  പഠിപ്പിച്ച അധ്യാപികയായിരുന്നു എന്നെ ഇന്റർവ്യൂ ചെയ്തത്.
പഴയ പ്ലസ് ടു ക്കാരിയെ ടീച്ചർക്ക് മനസ്സിലായില്ല. അസുഖങ്ങൾ കൂട്ടുകാരായപ്പോൾ ശരീരത്തിന്റെ രൂപത്തിലും മാറ്റം വന്നു. ചിരിച്ച് കൊണ്ട് ടീച്ചറുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുമ്പോൾ എന്റെ ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഇന്റർവ്യൂ കേട്ട പലരും വിളിച്ചു അവരുടെ പ്രാർത്ഥനകളിൽ ഉണ്ടാവും എന്നും പറഞ്ഞു. 

കവരത്തി ദ്വീപിലെ ITI പഠിക്കുന്ന കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസിനായി അടുത്ത ക്ഷണം ,SKSSF TREND  ന്റെ കീഴിൽമത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ക്ലാസ് എടുക്കൽ,   ഏറ്റവും ഒടുവിൽ തേടി വന്നത് പി.എം. സയീദ് കാലിക്കറ്റ് യൂണിവേയ്സിറ്റി സെന്ററിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ഡേ ഉദ്ഘാനം. ഇവിടെയൊക്കെ ക്ലാസ് എടുത്തപ്പോൾ മനസ്സിലായത് പലർക്കും ജീവിതത്തിൽ ഒരു ലക്ഷ്യബോധമില്ല  ചെറിയ പ്രശ്നങ്ങൾക്ക് മുമ്പിൽ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നവർ...

ജീവിതത്തിൽ കരുത്തയായ സ്ത്രിയായി വളർത്തിയത് ഉപ്പച്ചിയാണ്, ഹോസ്പിറ്റൽ ജീവിതത്തിൽ മിക്ക റൂമിലേക്കും കൊണ്ട് പോവും ഒരുപാട് ദുരിതം അനുഭവിക്കുന്നവർ ഉണ്ടെന്ന് മനസ്സിലാക്കിത്തരാൻ, മറ്റുള്ളവരെ കേൾക്കാൻ പഠിപ്പിച്ചതും ഉപ്പച്ചി...
സഹതാപത്തോടെ സംസാരിക്കുമ്പോൾ എങ്ങിനെ പുഞ്ചിരിക്കണം എന്ന് കാണിച്ചു തന്നു .ശരിക്കും അഭിമാനം ഈ ഉമ്മയുടെയും ഉപ്പയുടെയും മകളായതിൽ.ഇന്നേവരെ നീ ഒരു പെൺകുട്ടിയാണ് എന്ന് പറഞ്ഞ് എന്റെ കാലുകളും ചിന്തകളും വ്യക്തിത്വവും ചങ്ങലയ്ക്കിടാത്തതിൽ പറയാൻ വാക്കുകളില്ല  പ്രിയപ്പെട്ട ഉമ്മയോടും ഉപ്പയോോടും.എന്നും എനിക്ക് ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങൾ. 

ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രധിസന്ധികളും ഉണ്ടാക്കുമ്പോള്‍ ഞാന്‍ ഉമ്മയോട്‌ പറയാറുണ്ട്..നമ്മളെക്കാള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മിച്ചാല്‍ മതിയെന്നു.. രണ്ട് നേരം പോലും ആഹാരം കിട്ടാത്തവര്‍ , മാറാരോഗം വന്നവര്‍, മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ ,മക്കള്‍ ഉപേക്ഷിച്ചു പോയ സാധുജനങ്ങള്‍ , തല ചായ്ക്കാന്‍ കൂര ഇലാതെ മഴയും വെയിലുമെറ്റ്   പീടികതിണ്ണയിലും വഴിയരികിലും കിടക്കേണ്ടി വരുന്നവര്‍.ഇവരെ പറ്റി ഓര്‍ത്താല്‍ നമുക്ക്‌ മനസ്സിലാകും നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍ 
ആണെന്നും സ്വര്‍ഗീയ ജീവിതം 
നയിക്കുന്നവരാണെന്നും..


ശാരീരികമമായും മാനസികമായും കുറവുകൾ ഉള്ളവരുടെ ലോകത്ത് എനിക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും തന്നു  തെരുവിൽ ഉറങ്ങുന്ന ഒരായിരം പേരുള്ളപ്പോൾ എനിക്ക് നല്ല വീട് തന്നു..ഒപ്പം ആഹാരം, വസ്ത്രം, അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ...
പിന്നെ ആഗ്രഹിച്ച വിദ്യാഭ്യാസം, ജോലി ഒക്കെ അല്ലലില്ലാതെ ചെയ്യാൻ അവസരം തന്നു....

മനസ്സറിഞ്ഞ് സ്നേഹിക്കാനും കൂടെ നിൽക്കാനും നല്ല കൂട്ടുകാർ, ആങ്ങളമാർ, ചേച്ചിമാർ, അനിയത്തിമാർ, കുറേ ഉമ്മമാർ, ഉപ്പമാർ, പ്രവാസി സുഹൃത്തുക്കൾ,  LKG മുതൽ പ്ലസ് ടു കുട്ടികൾ വരെ മക്കളായി ഉണ്ട് . പിന്നെ വിവിധ മത്സര പരിക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ , സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയിലെ പല സംസ്ഥാനത്തു നിന്നുമുള്ള കുറേ സ്റ്റുഡന്റ്സ് അങ്ങിനെ സമ്പാദ്യങ്ങളുടെ നീണ്ട ഒരു ലിസ്റ്റ്. 

മിക്കവരും ചോദിക്കും ഈ ടെൻഷൻ വന്നാൽ എന്താ ചെയ്യുന്നത് എന്ന് ചുറ്റും പരന്ന് കിടക്കുന്ന അറബിക്കടലല്ലേ ടെൻഷൻ വന്നാൽ മൂപ്പരെ കടലിലേക്ക് ഇറക്കി വിടും അത് വല്ല ഡോൾഫിൻ വിഴുങ്ങിയാൽ അതിന്റെ കാര്യത്തിൽ തീരുമാനം ആവും അല്ലെങ്കിൽ പാവം ടെൻഷനുകൾ ഏതെങ്കിലും തീരത്ത് 
ഗതി കിട്ടാത്ത ആത്മാക്കളായി അലയുന്നുണ്ടാവും .ഒരാളെ പരിചയപ്പെട്ടാൽ അയാളെപ്പറ്റി ദീർഘമായ ഒരു പഠനം നടത്തിയതിനു ശേഷം മാത്രം സംസാരിച്ച് തുടങ്ങുന്ന എനിക്കെങ്ങനെ ഇത്രയും സുഹൃത്തുക്കളുണ്ടായി എന്നോർത്ത് ചിലപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിന്റെ ഉത്തരം ഇന്നും കിട്ടിയിട്ടില്ല. ഉത്തരം എന്തു തന്നെയായാലും ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും ഏറ്റവും അനിവാര്യമായ ഒന്നാണ് സൗഹൃദം...

നീണ്ട മുപ്പത്  വര്‍ഷം കടന്നു പോയ പാതകള്‍ ഒരു ഓര്‍മയായി ഓടിച്ചു  നോക്കിയാല്‍ അത്  നേട്ടങ്ങളുടെ 

സുവർണ കാലഘട്ടമെന്ന് നിസ്സംശയം പറയാം.ഉപാധികളില്ലാതെ സ്നേഹിക്കുന്ന കുറേപ്പേരുണ്ട്.ഒന്നും അവർ എന്നിൽ നിന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ എനിക്കെന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ തേടി വരും എന്നുറപ്പുള്ളവർ.ജീവിത യാത്രയിൽ എല്ലാം ചിരിച്ച് നേരിടാൻ പറ്റുന്നതും ഒത്തിരിപ്പേരുടെ ഈ കരുതൽ തന്നെയാണ്....

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.