കോല്‍ക്കത്ത: കാറ്റില്‍ നിന്നും കടലില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്നുണ്ട് രാജ്യത്ത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ പലവിധ സ്രോതസുകളെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ് പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം. എന്നാല്‍, ഈ മേഖലയിലുള്ളവരൊന്നും ഇതുവരെ ചിന്തിക്കാത്ത ഒരു വൈദ്യുതി സ്രോതസ് മുന്നോട്ടുവയ്ക്കുന്നു ലക്ഷദ്വീപ് നിവാസികള്‍; തെങ്ങില്‍ നിന്നു വൈദ്യുതി! അദ്ഭുതം വേണ്ട, ഇതു പ്രാവര്‍ത്തികമാക്കാനുള്ള തയാറെടുപ്പിലാണ് പടിഞ്ഞാറന്‍ തീരത്തെ ദ്വീപ് സമൂഹം.
അറബിക്കടലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് സമൂഹത്തിലെ പതിനൊന്നു ദ്വീപുകളിലും ഡീസല്‍ ജനറേറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ വൈദ്യുതിക്ക് ആശ്രയം. ഇതുപയോഗിക്കുമ്പോള്‍ യൂനിറ്റിന് 28 രൂപ ചെലവുവരും. കേന്ദ്ര സര്‍ക്കാര്‍ യൂനിറ്റിന് 25 രൂപ സബ്സിഡി നല്‍കുന്നതാണ് ദ്വീപ് നിവാസികള്‍ക്ക് ആശ്വാസം. വര്‍ഷം 80 കോടി വൈദ്യുതി സബ്സിഡിയായി നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് തെങ്ങു കൃഷി പ്രധാനമായ ദ്വീപുനിവാസികള്‍ പുതിയ ഊര്‍ജസ്രോതസ് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. തെങ്ങിന്‍റെ തടിയും ഓലയും മടലും തൊണ്ടും, ചിരട്ടയുമടക്കം എല്ലാം ഡീസലിനു പകരം ജനറേറ്ററുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നതാണ് പദ്ധതി. ലക്ഷദ്വീപ് ഊര്‍ജ വകുപ്പ് ഉപദേഷ്ടാവ് എസ്.പി. ഗോണ്‍ ചൗധരിയുടെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ചെലവ് 11 രൂപ മാത്രം.
ഡീസലുമായി താരതമ്യം ചെയ്താല്‍ അന്തരീക്ഷ മലിനീകരണത്തില്‍ 90 ശതമാനത്തിന്‍റെ കുറവ്. ഒപ്പം സബ്സിഡി എട്ടു കോടിയായി വെട്ടിക്കുറയ്ക്കുകയും ചെയ്യാമെന്ന് ചൗധരി.
പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ലക്ഷദ്വീപ് അധികൃതര്‍ അംഗീകരിച്ചു. 80 കോടി മുതല്‍മുടക്കു വരുന്ന പദ്ധതി ബിഒടിയായി തുടങ്ങാനാണു തീരുമാനം. പദ്ധതിക്കു തുടക്കമിടുന്ന കമ്പനിക്ക് ഇതു പത്തു വര്‍ഷം പ്രവര്‍ത്തിപ്പിക്കാം. പിന്നീടു സര്‍ക്കാരിനു കൈമാറണം. അടുത്തമാസം താത്പര്യപത്രം ക്ഷണിക്കുമെന്നു ചൗധരി.
(പഴയ ചില വാര്‍ത്തകള്‍ ശ്രദ്ദയില്‍പ്പെട്ടപ്പോള്‍ കൊടുത്തതാണ്).
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.