പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വേണം നമുക്കും സ്വന്തമായ വിദ്യാഭ്യാസം


ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കില്‍ത്താന്‍ ദ്വീപില്‍ സംഘടിപ്പിച്ച കീളാവാ കൂട്ടം,സാംസ്കാരിക സെമിനാര്‍, തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തവര്‍ പലരും ലക്ഷദ്വീപിലെ ഇന്നത്തെ തലമുറക്ക് ദ്വീപിനെപ്പറ്റി ഒന്നും തന്നെ അറിഞ്ഞുകൂടാ എന്ന ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. പഴയ തലമുറയില്‍പ്പെട്ടവരുടെ അനുഭവങ്ങള്‍ ഇന്നത്തെ തലമുറക്ക് അറിയില്ലല്ലോ. നമ്മുടെ വിദ്യാഭ്യാസം പുതിയതലമുറയെ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. ഗണിതവും,ശാസ്ത്രവും,സാഹിത്യവും,ആഗോള ചരിത്രവും എന്നുവേണ്ടാ സകലതും.പക്ഷേ ദ്വീപിനെക്കുറിച്ച് മാത്രം ഒന്നും പഠിപ്പിച്ചില്ല.
ദ്വീപിനെക്കുറിച്ച് പഠിക്കാതെ നാം എന്തു പഠിച്ചിട്ടും കാര്യമില്ല. നമുക്ക് നമ്മുടേതായ സ്വന്തം വിദ്യാഭ്യാസം ഉണ്ടാകേണ്ടതുണ്ട്. പാഠ പുസ്തകങ്ങളും,സിലബസ്സും,വിദ്യാഭ്യാസ ബോര്‍ഡും ഉണ്ടാകേണ്ടതുണ്ട്. അവയില്‍ ദ്വീപിന്റെ ചരിത്രവും സംസ്കാരവും പരിസ്ഥിതിയും ഭൂപ്രകൃതിയും ഭാഷയും കലയും സാഹിത്യവും സാമൂഹ്യ ജീവിതവും തൊഴിലും എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കേണ്ടതാണ്.
ദ്വീപില്‍ ജനവാസം ആരംഭിച്ചിട്ടു നൂറ്റാണ്ടുകളായി.ഇവിടത്തെ ജനങ്ങള്‍ക്ക് മാര്‍ഗം കാട്ടിയ ഒരുപാട് മഹാവ്യക്തികള്‍ ഇവിടെ ജീവിച്ച് മരിച്ചു.അവരുടെ സംഭാവനകളൊന്നും തന്നെ ഇന്നത്തെ തലമുറക്ക് അറിയില്ല .അവരെ പറ്റിയെല്ലാം ഇവിടെ പഠിപ്പിക്കേണ്ടതുണ്ട് .ദ്വീപില്‍ ഇസ്ലാം മതം പ്രചരിപ്പിച്ച ഹസ്രത്ത് ഉബൈദുല്ല(റ) ,ആദ്ധ്യാത്മിക മാര്‍ഗം പ്രചരിപ്പിച്ച ശൈഖു മുഹമ്മദ് ഖാസിം വലിയുല്ലാഹി(ഖ.സി) ,ആത്മീയതയും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്ത അഹ്മദ് നഖ്ഷബന്ധി(ഖ.സി),..മുത്തുകോയ തങ്ങള്‍(ഖ.സി) ,പുറാടം കുന്നിക്കോയ തങ്ങള്‍(ഖ.സി).
ലക്ഷദ്വീപ് ചരിത്രം ആദ്യമായി മലയാളത്തില്‍ രചിച്ച പി .. കോയക്കിടാവുകോയ മാസ്റ്റര്‍ ,ദ്വീപിന്റെ സാമൂഹ്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച പി ..പൂകോയ ,ആധുനിക ലക്ഷദ്വീപിന്റെ ശില്‍പ്പിയായ പി .എം .സയീദ് സാഹിബ് ,ദ്വീപ് രാഷ്ട്രീയത്തിന് ജീവന്‍ നല്കിയ മഹാന്‍ ഡോക്ടര്‍ കെ.കെ.മുഹമ്മദ്കോയ ,തുടങ്ങിയ മഹാന്മാരെക്കുറിച്ച് പഠിക്കാതെ നമുക്കെങ്ങിനെ ദ്വീപുകരനെന്ന് പറയുവാന്‍ സാധിക്കും.
ദ്വീപിനെക്കുറിച്ച് പഠിക്കാതെ നമുക്കെന്തു വികസനം കൈവരിക്കാന്‍ പറ്റും .ലക്ഷദ്വീപ് കടലിനെക്കുറിച്ച് പഠിക്കാതെ എത്രകപ്പല്‍ വാങ്ങിയിട്ടും കാര്യമില്ല .യാത്രക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാതെ ഏതു പ്രോഗ്രാം ഇട്ടാലും അത് ഗുണം ചെയ്യില്ല.ഇവിടെ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും മുമ്പ് ദ്വീപിന്റെ സാഹചര്യങ്ങള്‍ പഠിക്കണം. എന്നിട്ടുവേണം പദ്ധതികള്‍ നടപ്പിലാക്കുവാന്‍. എല്ലാം ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പരിഷ്ക്കാരത്തിലൂടെയാവണം. അതിനുവേണ്ടിയാവണം നമ്മളോരോരുത്തരുടെയും പരിശ്രമം .
                                                                        -കെ .ബാഹിര്‍, കില്‍ത്താന്‍
          മുന്‍ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം സെക്രട്ടറി 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.