പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വന്‍ അഴിമതി: മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ബി.വി.സെല്‍വരാജ്, കളക്ടര്‍ അബ്രഹാം വരിക്കമാക്കല്‍ അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സി.ബി.ഐ. കുറ്റപത്രം



കൊച്ചി: അഴിമതിക്കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍, കളക്ടര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി പ്രത്യേക കോടതിയില്‍ സി.ബി.. കുറ്റപത്രം ഫയല്‍ ചെയ്തു. മുന്‍ കളക്ടറും ഇപ്പോള്‍ കേന്ദ്ര സര്‍വീസിലുള്ളയാളുമായ അബ്രഹാം വരിക്കമാക്കല്‍, മുന്‍ അഡ്മിനിസ്‌ട്രേറ്ററും ഇപ്പോള്‍ ഡല്‍ഹിയില്‍ ധനകാര്യ വകുപ്പില്‍ സീനിയര്‍ ഉദ്യോഗസ്ഥനുമായ ബി.വി. സെല്‍വരാജ്, കോഴിക്കോട് ബേപ്പൂര്‍ എം.എം. അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ എച്ച്.കെ. മുഹമ്മദ് കാസിം, ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ആറ്റക്കോയ, എം.എം. അസോസിയേറ്റ്‌സിലെ അക്കൗണ്ടന്റ് സജിദ് പാറമേല്‍, ബിസിനസ്സുകാരനായ ടി.പി. നൗഫല്‍, അബ്രഹാം വരിക്കമാക്കലിന്റെ ഭാര്യയും ഗുവാഹതി സ്വദേശിയുമായ കാവേരി സേനാപതി എന്നിവരാണ് കേസിലെ പ്രതികള്‍. 
കളക്ടറായിരുന്ന ഭര്‍ത്താവിനെ അഴിമതിക്ക് പ്രേരിപ്പിച്ചുവെന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും മുഹമ്മദ് കാസിമില്‍ നിന്ന് പലപ്പോഴായി കൈപ്പറ്റാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തുവെന്നുമാണ് കാവേരി സേനാപതിക്ക് എതിരെയുള്ള കുറ്റം. ചീഫ് കൗണ്‍സിലര്‍ ആച്ചാട അഹമ്മദ് ഹാജി, സാമൂഹിക പ്രവര്‍ത്തകനായ ഡോ. കെ.പി. മുത്തുക്കോയ എന്നിവര്‍ക്ക് എതിരെ തെളിവില്ലാത്തതിനാല്‍ പ്രതികളാക്കിയിട്ടില്ല.
2006
ജൂലായ് മുതല്‍ 2008 ഫിബ്രവരി വരെ അബ്രഹാം വരിക്കമാക്കല്‍ ദ്വീപ് കളക്ടറായിരുന്നു. ലക്ഷദ്വീപ് ബില്‍ഡിങ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹം കോര്‍പ്പറേഷന്റെ കീഴിലുള്ള വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കാണിച്ചുവെന്നും നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതില്‍ ഗൂഢാലോചന നടത്തി ലക്ഷദ്വീപ് ഭരണകൂടത്തിന് ഒരു കോടിയോളം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് സിബിഐ കുറ്റപത്രം ആരോപിക്കുന്നത്. പ്രതികള്‍ക്ക് എതിരെ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കുറ്റകൃത്യങ്ങളും സിബിഐ ആരോപിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശി സെല്‍വരാജ് 2006 ഡിസംബര്‍ മുതല്‍ 2009 മെയ് വരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു.ലക്ഷദ്വീപില്‍ വിവിധ കെട്ടിട നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ മണല്‍, ഗ്രാനൈറ്റ്, മറ്റ് സാമഗ്രികള്‍ എന്നിവ കേരളത്തില്‍ നിന്നാണ് വാങ്ങിയിരുന്നത്. ടെന്‍ഡര്‍ നടപടികളില്‍ കളക്ടറും സൂപ്രണ്ടിങ് എന്‍ജിനീയറുമായ ആറ്റക്കോയയും ഒട്ടും സത്യസന്ധമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിച്ചത്. വളരെ കൂടിയ വിലയ്ക്കാണ് നിര്‍മാണ സാമഗ്രികള്‍ ബേപ്പൂരിലെ എം.എം. അസോസിയേറ്റ്‌സ് നല്‍കിയതെന്നും അതുമൂലം ലക്ഷദ്വീപ് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു.ടെന്‍ഡര്‍ നടപടികളെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന സെല്‍വരാജ് ആദ്യഘട്ടത്തില്‍ എതിര്‍ത്തുവെങ്കിലും പിന്നീട് വ്യക്തിപരമായ സാമ്പത്തിക നേട്ടം തനിക്ക് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ മറ്റ് പ്രതികളോടൊപ്പം ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നും സിബിഐ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൂന്ന് പ്രതികള്‍ക്ക് എതിരെ അധികാര ദുര്‍വിനിയോഗത്തിനും കേസുണ്ട്.ലക്ഷദ്വീപ് ഭരണകൂടത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുള്ള പ്രതികള്‍ എച്ച്.കെ. മുഹമ്മദ് കാസിമിന് സാമ്പത്തിക നേട്ടമാണ് നേടിക്കൊടുത്തിരിക്കുന്നതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എം.എം. അസോസിയേറ്റ്‌സിന്റെ പക്കലുള്ള അക്കൗണ്ട് ബുക്ക് സിബിഐ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ കളക്ടര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും കൈമാറിയിട്ടുള്ള തുകയുടെയും ഉപഹാരങ്ങളുടെയും പട്ടിക കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.സിബിഐ കുറ്റപത്രം പ്രത്യേക കോടതി പിന്നീട് പരിഗണിക്കും. സിബിഐ ഇന്‍സ്‌പെക്ടര്‍ സന്ദീപനി ഗാര്‍ഗാണ് അന്വേഷണം നടത്തിയത്.
(കടപ്പാട്- മാതൃഭൂമി ഓണ്‍ലൈന്‍)

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.