ജീവിതം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ നോക്കിയാലും കഴിയാതെ അതിനുമപ്പുറത്തേക്ക് പടരുന്ന ചിലരുണ്ട്. ഒരായുസ്സില്‍ പറഞ്ഞാല്‍ തീരാത്ത അനുഭവങ്ങള്‍ കൂടെയുള്ളവര്‍. കയ്പിനെ മധുരമാക്കി, ചുറ്റും വെളിച്ചം പകരുന്നവര്‍. കാരുണ്യം ഒരു കടലോളം നെഞ്ചില്‍ പേറി, അലിവെന്ന വാക്ക്് കണ്ണുകളില്‍ നിറച്ച് മന്ദസ്മിതമായും നനുത്ത തലോടലായും ജീവിതം ജീവിച്ച് തീര്‍ക്കുന്നവര്‍. അത്തരത്തിലൊരാള്‍ ഇവിടെ മലബാറിന്‍െറ മണ്ണില്‍ നിറഞ്ഞ് നില്പുണ്ട്. മരുന്ന് മണമുള്ള ആശുപത്രി വരാന്തയില്‍ സ്നേഹത്തിന്‍െറ നിറവായി പത്മശ്രീ ഡോ. റഹ്മത്ത് ബീഗം. ലക്ഷദ്വീപുകാരിയായ ആദ്യ വനിതാ ഡോക്ടര്‍. ഉപ്പു ചുവക്കുന്ന കടല്‍ക്കാറ്റിന്‍െറ തലോടലില്‍ വളര്ന്നവള്.
ഓരോരുത്തര്‍ക്കും ഓരോ നിയോഗമുണ്ടാവും. അതിനാണ് ദൈവം അവരെ ഭൂമിയിലയക്കുന്നത്. ദ്വീപില്‍ പിറന്നു വീണ കുഞ്ഞു റഹ്മത്തിനുമുണ്ടായിരുന്ന ഒരു നിയോഗം. കടലിരമ്പം താരാട്ടുന്ന ദ്വീപിന്‍െറ ‘ബീബി’യാവാനായിരുന്നു അവരുടെ നിയോഗം. അഞ്ചാം ക്ളാസു കഴിഞ്ഞ് പഠിക്കാനുള്ള അടങ്ങാത്ത കൊതിയുമായാണ് കരയിലേക്ക്പുറപ്പെട്ടത്. ഓര്‍മകളില്‍ ഇന്നും ഞെട്ടലുണര്‍ത്തുന്ന ഭീകര യാത്രയായിരുന്നു അത്. യാത്രക്കിടെ കാറ്റിലും കോളിലും പെട്ട് ഓടം മറിഞ്ഞു. കടലിന്റെഅടിയിലേക്ക് താണുപോയി റഹ്മത്ത്. ആ ആഴങ്ങളില്‍ നിന്നും ഒരിക്കലും തിരിച്ച് കയറാനാവില്ലെന്ന് തന്നെ ആ കുഞ്ഞു മനസ്സുറപ്പിച്ചു. പക്ഷേ എവിടുന്നോ അറിയാതെ വന്ന ഉള്‍ക്കരുത്ത് അവളെ കരയിലെത്തിച്ചു. മരണം വഴുതിമാറിപ്പോയ നിമിഷങ്ങള്‍. പേരിനെ അന്വര്‍ഥമാക്കി ഒരു ജനതയുടെ കാരുണ്യത്തുരുത്താവാനായിരുന്നു അന്ന് ആ ജീവന് കടലെടുക്കാതെ തിരിച്ചു നല്‍കിയത്. ഇരമ്പുന്ന കടല്‍ത്തിരക്കു നടുവില്‍ ഒറ്റപ്പെട്ടുപോയ കുറേ ജന്മങ്ങള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു അവരുടെ നിയോഗം. ആരും കൂട്ടിനില്ലാത്ത, അബലകളായ, അറിവില്ലാത്ത ഒരു ജനതക്ക് കൂട്ടാവാനും അവരുടെ കണ്ണീരൊപ്പാനും നിരവധി ജന്മങ്ങള്‍ക്ക് ആയുര്ബലത്തിന്െറ നിമിത്തമാവാനുമാണ് അന്ന് കൊച്ചു റഹ്മത്ത് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയത്.
മലപ്പുറം കാളികാവിലെ വലിയകത്ത് അബ്ദുല്ഖാദറിന്േറയും അഗത്തി ദ്വീപിലെ സൈലാനിയോട് ചെറിയ ബീയുടേയും മകള്‍. പെണ്‍കുട്ടികള്‍ അഞ്ചാം ക്ളാസിനപ്പുറം വിദ്യാഭ്യാസം നേടാത്ത കാലത്താണ് പഠിക്കാനുള്ള ആവേശവുമായി ഇവര്‍ കരയിലെത്തുന്നത്. പഠനത്തിലേക്ക് വഴി തെളിച്ചത് ഇക്കാക്കയും. ചോക്കാട് മാപ്പിള സ്കൂളില്‍ ആറും ഏഴും. പിന്നീട് പ്രോവിഡന്‍സ് സ്കൂള്‍, കാലിക്കറ്റ് ഗേള്‍സ് സ്കുള്, പ്രോവിഡന്‍സ് വിമന്‍സ് കോളജ്.
ആന്ധ്രാപ്രദേശിലെ വാറങ്കല്‍ കാക്കാത്തിയാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് എടുത്തത്. ഡോക്ടറാകണമെന്നൊരു മോഹം ചെറുപ്പത്തിലേ മനസ്സില്‍ മുളപൊട്ടിയിരുന്നു. അഗത്തിയില്‍ വീടിനടുത്ത് താമസിച്ചിരുന്ന മേനോന് ഡോക്ടറായിരുന്നു അതിന് കാരണം. എം.ബി.ബി.എസ് കഴിഞ്ഞ് ദ്വീപില്‍ കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചു. പിന്നീടാണ് ഗൈനക്കോളജിയില്‍ ഡിപ്ളോമയെടുത്തത്. തന്‍െറ നാട്ടുകാരെ സേവിക്കാന്‍ വെറും എം.ബി.ബി.എസ് മതിയാവില്ലെന്ന തോന്നല്‍ ഇതിന് പ്രേരണയായി.
ജോലിയില്‍ പ്രവേശിച്ച് കുറച്ചു നാളേ ആയിരുന്നുള്ളു ആദ്യ ശസ്ത്രക്രിയ ചെയ്യുമ്പോള്‍. കടുത്ത രക്തസ്രാവവുമായാണ് ആച്ചുമ്മയെ ആശുപത്രിയില്‍ കൊണ്ടു വന്നത്. രക്തസ്രാവം തുടങ്ങിയിട്ട് മണിക്കൂറുകളായി. കുട്ടി വയറ്റില്‍ മരിച്ചു കഴിഞ്ഞിരുന്നു. പ്ളാസന്റ മുന്നില്‍ കിടക്കുന്ന അവസ്ഥ (പ്ളാസന്റ് പ്രീവിയ). ഓപറേഷന് വേണം. ബീബിക്ക് ചെയ്യാനാവുന്നത് ചെയ്യണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. സൗകര്യങ്ങളൊന്നുമില്ല. എന്തിനേറെ വെളിച്ചം പോലുമില്ല. എല്ലാം ദൈവത്തിലര്‍പ്പിച്ച് ശസ്ത്രക്രിയ തുടങ്ങി. വെറും ടോര്‍ച്ചിന്‍െറ വെളിച്ചത്തില്‍. ദ്വീപിലെ തന്നെ ആദ്യ ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ കാണാന്‍ നാട് മുഴുവന്‍ അവിടേക്ക് ഒഴുകിയെത്തിയിരുന്നു.
അമേനിയിലെ ബോട്ടുജെട്ടിയില്‍ നടന്ന സ്ഫോടനം ഉള്ളില്‍ ഇന്നും ഭീതിയുണര്‍ത്തുന്നു. 35 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. കണ്ണുകള്‍ പുറത്തേക്ക് തള്ളിയവര്‍, തലയോട്ടി തകര്‍ന്നവര്‍, കാലുകളിലെ മസിലുകള്‍ ചിതറിപ്പോയവര്‍. സമനില തെറ്റിയ നിമിഷങ്ങളായിരുന്നു അത്. മറ്റ് ഡോക്ടര്‍മാരൊന്നുമില്ല. മൂന്ന് ദിവസമാണ് കുഞ്ഞുമോനെയും ഭര്‍ത്താവിനേയും വീട്ടില്‍ തനിച്ചാക്കി നില്‍ക്കേണ്ടി വന്നത്. എന്നിട്ടും ഒരു നിമിഷം മനസ്സ് ആശുപത്രി വിട്ട് പോയില്ല. ഓരോ ജീവനും കാവലായി. വേദനകളില്‍ തുണയായി, വാല്സല്യമായി അവര്‍ അവരോടൊപ്പം നിന്നു. മൂന്നു ദിവസം ഒരു കണ്പോള പോലും അടക്കാതെ. നാല് മാസം പ്രായമായ മോനെ 20 ദിവസം വിട്ട് നില്‍ക്കേണ്ടി വന്ന അനുഭവവുമുണ്ട് ഡോക്ടര്‍ക്ക്. ഒരു കടല്‍ ദൂരത്തിനപ്പുറമുള്ള കുഞ്ഞുമോന്‍െറ ഓര്‍മകള്‍ മാറില്‍ വിങ്ങിയപ്പോഴും അവര്‍ തളര്‍ന്നില്ല. തിരിച്ച് പോയാലോ എന്ന് ഒരിക്കല്‍ പോലും ഓര്‍ത്തില്ല. പണക്കെട്ടുകളും വാഗ്ദാനങ്ങളുമായിരുന്നില്ല അവരെ അവിടെ പിടിച്ച് നിര്‍ത്തിയത്. തന്നെ പണത്തിനായി മാത്രം തങ്ങളുടെ പ്രതിഞ്ജയും കടമയും മറന്ന് ജീവനെ ചവിട്ടിയരച്ചു കളയുന്ന ഒരു കാലത്തെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവാം ഈ അനുഭവങ്ങള്‍.
തന്‍െറ എല്ലാ നേട്ടങ്ങള്‍ക്കും പിന്നിലുള്ള ശ്രമങ്ങള്‍ നല്ലപാതിയുടേതാണെന്ന് ഡോക്ടര്‍. ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളിലും അദ്ദേഹം കൂടെ നിന്നു. ഭര്‍ത്താവ് പി. മുഹമ്മദ് കോയ ദ്വീപില്‍ ഡെപ്യൂട്ടി സര്‍വേയറായിരുന്നു. പിന്നെ കരുത്തായി ഉമ്മയും. പരാതികളില്ലാതെ കുഞ്ഞു മക്കളും. രണ്ടാണ്മക്കളായിരുന്നു. ഇളയ മകന് സജ്ജാദ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. പൈലറ്റാകണമെന്നാതായിരുന്നു അവന്റെമോഹം. കോഴ്സിന് ചേര്‍ന്നതോടെ ഉമ്മയുടെ സാമിപ്യം അവന് വല്ലാതെ നഷ്ടമായപോലെ. ഇനി നല്‍കാനാവില്ലെന്നതു കൊണ്ടാവാം ഒരു നാള് അവന് വേണ്ടി മാറ്റിവെക്കാന്‍ തോന്നിയത്. ഉമ്മയുടെ മടിയില്‍ കിടന്ന് കഥ പറഞ്ഞ്, തലോടലേറ്റ്, സ്നേഹം മുകര്‍ന്ന്, ഉമ്മ വാരിത്തന്ന ചോറുണ്ട് ആ ഒരു ദിവസം അവന് ആഘോഷിച്ചു. പിച്ച വെക്കുന്ന നാള് മുതല്‍ തനിക്ക് കിട്ടാതെ പോയ മുഴുവന്‍ ഇഷ്ടവും വാല്സല്യവും ഒരു പകലും രാവും അവന് ആസ്വദിച്ചു. ഒടുക്കം യാത്ര പറഞ്ഞിറങ്ങുമ്പോ നിറ കണ്ണ് അവന് കാണാതിരിക്കാന്‍ പാടു പെട്ടു. മേഘങ്ങളെ തൊട്ട് പോകുന്നതിനിടെ അവന്‍െറ ഉള്ളില്‍ ഒരുകാര്മേഘമെത്തരുത്. പിന്നീടവന് തിരിച്ച് വന്നില്ല. പരിശീലന പറക്കലിനിടെ എരിഞ്ഞ് പോയത് ആയിരങള്ക്ക് പകര്‍ന്ന് നല്കിയ സ്നേഹച്ചിപ്പിക്കുള്ളിലെ മുത്തായിരുന്നു. റഹ്മത്ത് ബീഗമെന്ന ഉമ്മയുടെ മുത്ത്. എല്ലാ സങ്കടങ്ങലും താങ്ങായിരുന്ന ഉമ്മയും കഴിഞ്ഞ ജൂണില്‍ മരിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍െറ ഓര്‍മകള്‍ അവരുടെ ശബ്ദത്തില്‍ സങ്കടം നിറച്ചു. മൂത്ത മകന് ഷെഹര്‍സാദ് കവരത്തിയില്‍ ഹൈസ്കൂള്‍ അധ്യാപകനാണ്. മരുമകള്‍ നാട്ടിലും. റിട്ടേര്ഡായതിനു ശേഷം ഡോക്ടര്‍ മലപ്പുറം വണ്ടൂര്‍ നിംസില്‍ മൂന്ന് കൊല്ലം സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ കോഴിക്കോട് പൂനൂരിലെ ആശുപത്രിയില്‍.
പെണ്ണുങ്ങള്‍ക്ക് അറിവ് നിഷിദ്ധമെന്ന് വിശ്വസിച്ചിരുന്ന നാട്ടില്‍ നിന്നാണ് അവര്‍ ഇതെല്ലാം വെട്ടിപ്പിടിച്ചത്. അവിടെ സ്ത്രീകള്‍ക്കായി ഒത്തിരി പ്രവര്‍ത്തിച്ചു. ഇരുപത്തിനാല് മണിക്കൂറും അവര്‍ ചിന്തിച്ചത് തന്‍െറ നാട്ടിലെ എരിഞ്ഞടങ്ങിപ്പോവുന്ന സ്ത്രീ ജന്മങ്ങളെക്കുറിച്ചാണ്. ആയിരക്കണക്കിനാളുടെ കിനാവുകള്‍ക്ക് നിറം പകര്‍ന്നും സങ്കടങ്ങളില്‍ കൂട്ടു നിന്നും അവര്‍ തന്‍െറ ജീവിതത്തെ ആഘോഷമാക്കി. ഒരു വെളിച്ചവുമില്ലാത്ത നാട്ടില്‍ അവര്‍ വെളിച്ചമാവുകയായിരുന്നു. കഷ്ടപ്പാടുകളെ തേടി പത്മശ്രീയടക്കം അംഗീകാരങ്ങള്‍ ഒരുപാടെത്തി. 1999ലാണ് പത്മശ്രീ ലഭിച്ചത്. ജീവിതത്തിലെ അനുഭവങ്ങളെല്ലാം സ്വരുക്കൂട്ടി എഴുതിത്തുടങ്ങുന്നുണ്ടിവര്. സേവന പാതയില്‍ വരും തലമുറക്ക് പ്രചോദനമാവാന്‍.
പെണ്കരുത്തെന്നാല് ആര്‍പ്പു വിളികളല്ല. പുരുഷനോടുള്ള മല്‍സരമല്ല. നിശ്ചയദാര്‍ഢ്യമാണ്. ഇഛാശക്തിയാണ്. സ്നേഹവും വാല്സല്യവുമാണ്. ജീവിതത്തോടും ജീവനോടുമുള്ള പ്രതിബദ്ധതയാണ്. ഫെമിനിസമെന്നും പെണ്‍കരുത്തെന്നും ആര്‍ത്ത് വിളിക്കുന്ന പുത്തന്‍ തലമുറയോടവര്ക്ക് പറയാനുള്ളതിതാണ്. വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ് നാം വിപ്ളവമെഴുതേണ്ടത്. ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന തോന്നലില്‍ പടിയിറങ്ങുമ്പോള്‍ അലിവും കരുത്തും അക്ഷരമില്ലാതെ എഴുതുന്നതെങ്ങനെയെന്ന് ആ കണ്ണുകളില്‍ കാണുകയായിരുന്നു ഞാന്‍.
കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍ (08/03/2013).
Wow!!!!! I BOW MY HEAD BEFORE HER...GREAT PERSONALITY....WISH TO TAKE AN INTERVIEW WITH HER....SEE HER CONFIDENCE,, ESPECIALLY IN THOSE YEARS HW CUD SHE DO THIS !!!!!! AMAZING!!!!
ReplyDeleteDr. Rahmath Beegum is always a great inspiration and best role model for all the people of Lakshadweep.
ReplyDeleteHats off....Dr rahmath Beegum....you r an inspiration for the generation to come.... I should say you are the " NIGHTING GIRL OF LACCADIVES"
ReplyDeleteHats off Madam.....u r the light who en lighted the whole islanders......
ReplyDelete